NRI
മനാമ: വ്യത്യസ്ത സംസ്കാരങ്ങളും ഭാഷകളും നാനാ ജാതി - മത വിഭാഗങ്ങളും ഉൾക്കൊള്ളുന്ന ഇന്ത്യ എന്ന മഹാ വിസ്മയത്തെ ഉൾക്കൊള്ളാനും ഇന്ത്യൻ ഭരണഘടനയെ കാത്തുസൂക്ഷിക്കാനും രാജ്യത്തെ ഓരോ പൗരനും ബാധ്യതപ്പെട്ടവരാണെന്ന് പ്രവാസി വെൽഫെയർ ആക്ടിംഗ് പ്രസിഡന്റ് ഷാഹുൽഹമീദ് വെന്നിയൂർ പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിൽ പ്രവാസി വെൽഫെയർ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിസ്വാതന്ത്ര്യം, തുല്യത, നിതി, സാഹോദര്യം എന്നീ മഹത്തായ മൂല്യങ്ങളിൽ ഊന്നിയാണ് ഇന്ത്യൻ ഭരണഘടന നിർമിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുമെന്ന് ഓരോ പൗരനും പ്രതിജ്ഞ പുതുക്കേണ്ട ദിനം കൂടിയാണ് റിപ്പബ്ലിക് ദിനമെന്നും അദ്ദേഹം പറഞ്ഞു.
ഭൂതകാലത്തെ ആഘോഷിക്കുക മാത്രമല്ല, രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുക കൂടിയാണ് ഓരോ റിപ്പബ്ലിക് ദിനവും നമ്മോട് ഉണർത്തുന്നത് എന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകി സംസാരിച്ച പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം പറഞ്ഞു.
രാജ്യത്ത് സാർവത്രിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണവും സാഹോദര്യവും ഐക്യവും വളർത്തുകയും ചെയ്യുന്നതിലൂടെ മികച്ച ഒരു നാളെയെ രൂപപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റനിലെ സാംസ്കാരിക സംഘങ്ങളായ തരംഗ്, പേൾസ്, ഗസാനിയ എന്നിവർ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും വൈവിധ്യമാർന്ന നൃത്താവിഷ്കാരങ്ങളും പ്രവാസി വെൽഫെയർ റിപ്പബ്ലിക് ദിനാഘോഷത്തെ മികവുറ്റതാക്കി. ഫെല്ല മെഹക്കിന്റെ നൃത്ത പ്രകടനം സദസിന് കൂടുതൽ നിറംപകർന്നു.
ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രവാസി വെൽഫെയർ സാംസ്കാരിക വിഭാഗം സെക്രട്ടറിസബീന അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു. ബദറുദ്ദീൻ പൂവാർ സ്വാഗതം ആശംസിച്ചു. അഡ്വ. ഷഫ്ന തയ്യിബ് പരിപാടി നിയന്ത്രിച്ചു.
ആഷിഖ് എരുമേലി, അക്ബർ ഷാ, അനസ് കാഞ്ഞിരപ്പള്ളി, അനിൽ ആറ്റിങ്ങൽ, അബ്ദുള്ള കുറ്റ്യാടി, മൊയ്തു തിരുവള്ളൂർ, റഷീദ ബദറുദ്ദീൻ, രാജീവ് നാവായിക്കുളം, സുമയ്യ ഇർഷാദ്, അജ്മൽ ഹുസൈൻ, സജീർ ഇരിക്കൂർ എന്നിവർ നേതൃത്വം നൽകി.
NRI
റോം: ഇറ്റലിയിലെ ഇന്ത്യൻ എംബസിയുടെ റോമിലെ ആസ്ഥാനത്ത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. അംബാസഡർ വാണി റാവു, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഗൗരവ് ഗാന്ധി എന്നിവരുടെ സാനിധ്യത്തിൽ വർണശബളമായ ചടങ്ങിൽ മലയാളികളുടെ സ്ട്രിംഗ്സ് റോമാ മ്യൂസിക് ബാൻഡിന്റെ പ്രകടനം വേറിട്ട അനുഭവമായി.
വന്ദേമാതരം എന്ന ദേശഭക്തി ഗീതത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് വന്ദേമാതരം ആലപിച്ചാണ് സംഘം ചടങ്ങിൽ ആവേശം നിറച്ചത്. സംഗീതത്തിലൂടെ പ്രവാസി സമൂഹത്തെ കൂട്ടിയിണക്കാനും ഇന്ത്യൻ സംഗീത പാരമ്പര്യം കാത്തുസൂക്ഷിക്കുകയും പുതിയ കലാകാരന്മാരെ കണ്ടെത്താനുമുള്ള കൂട്ടായ്മ കൂടിയാണ് സ്ട്രിംഗ്സ് മ്യൂസിക് ബാൻഡ്.
കോവിഡിന്റെ കടുത്ത വെല്ലുവിളികൾ നിറഞ്ഞ സമയത്ത് എക്സലന്റ് ഇവന്റ്സ് ജസ്റ്റിൻ പന്തല്ലൂക്കരനും പരേതനായ സജി തട്ടിലും നൽകിയ പിന്തുണയുമായി രൂപപ്പെടുതി ഫ്രെനിഷ് കരിപ്പേരി സ്ഥാപിച്ച ഈ ബാൻഡിൽ ഇപ്പോൾ നീതു ബാബു, മനീഷ മനോജ്, ജോഷ്ന ജോസ്, ശിൽപ ചന്ദ്രൻ, ബിനോയ് തോമസ്, ദീപു ദോസ്, ലിപ്സൺ സ്റ്റാൻലി, ഹരികൃഷ്ണൻ, അനന്തകൃഷ്ണൻ, റിക്സൺ ലോറെൻസ്, വിപിൻ വേളി എന്നിവരാണ് ഈ സംഘത്തിലെ പ്രധാനികൾ.
ഇതിനോടകം ഇറ്റലിയിലെ വിവിധ സ്ഥലങ്ങളിൽ ഇരുപതിലധികം സ്റ്റേജ്ഷോകൾ അവതരിപ്പിച്ച സ്ട്രിംഗ്സ്റോമാ, ഇറ്റലിയിലെ ഇന്ത്യൻ യുവതലമുറയ്ക്ക് രാജ്യത്തിന്റെ സമ്പന്നമായ സംഗീത പാരമ്പര്യം മനസിലാക്കാനും അതിനെ മുന്നോട്ടു കൊണ്ടുപോകാനും സഹായിക്കുക എന്ന സാമൂഹിക ഉത്തരവാദിത്തവും സാംസ്കാരിക പ്രതിബദ്ധതയുമാണ് ലക്ഷ്യമിടുന്നത്.
District News
കാസര്‍ഗോഡ്: റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. മന്ത്രി എ.കെ. ശശീന്ദ്രന് വിദ്യാനഗറിലെ കാസര്‍ഗോഡ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമായി പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് ആഘോഷച്ചടങ്ങുകള്‍ നടത്തിയത്. ജില്ലാ പോലീസ് മേധാവി ബിവി.വിജയഭാരത റെഡ്ഡി, എഡിഎം പി. അഖില്‍ എന്നിവര്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. പരേഡ് ഫസ്റ്റ് കമാന്‍ഡന്റായി ശിവം, സെക്കൻഡ് ഇന്‍ കമാന്‍ഡറായി കാസര്‍ഗോഡ് സ്പെഷല്‍ ബ്രാഞ്ച് എസ്ഐ എം. സദാശിവന് എന്നിവര്‍ പരേഡ് നിയന്ത്രിച്ചു.
പരേഡില്‍ മികച്ച പ്രകടനം കാഴ്ചവച്ച ജില്ലാപോലീസ് ആസ്ഥാനം സബ് ഇന്‍സ്പെക്ടര്‍ ഗോപിനാഥന് നയിച്ച ജില്ലാ ആംഡ് റിസര്‍വ് പോലീസ്, കെ.വി. ബിജു നേതൃത്വം നല്കിയ കാസര്‍ഗോഡ് കമ്യൂണിറ്റി പോലീസ് സ്റ്റുഡന്റ് പോലീസ്, അണ്ടര്‍ ഓഫീസര്‍ എം.കെ. അഭിനവ് നയിച്ച കാസര്‍ഗോഡ് ഗവ. കോളജ് സീനിയര്‍ ഡിവിഷന് എന്‍സിസി, ഉളിയത്തടുക്ക ജയ്മാത സീനിയര്‍ സെക്കൻഡറി സ്കൂളിലെ സി.കെ. മുഹമ്മദ് ഷിസന്‍ നയിച്ച ബാന്‍ഡ് പാര്‍ട്ടി, ചെമ്മനാട് ജിഎച്ച്എസ്എസിലെ എയര്‍ഫോഴ്സ് സര്‍ജന്റ് എം. നിരഞ്ജന് നയിച്ച ജൂണിയര്‍ ഡിവിഷന് എന്‍സിസി, കെ.ആര്. അനശ്വര നേതൃത്വം നല്കിയ പരവനടുക്കം ജിഎംആര്‍എച്ച്എസ്എസ് ഫോര്‍ ഗേള്‍സ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്, പി.പി. ആദില്‍രാജ് നയിച്ച കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂള്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് എന്നീ പ്ലാറ്റുണുകള്ക്കുള്ള പുരസ്കാരം മന്ത്രി ശശീന്ദ്രന് നല്കി.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എംഎല്‍എമാരായ എന്‍.എ. നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്, സി.എച്ച്. കുഞ്ഞമ്പു, എ.കെ.എം. അഷറഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം വൈസ്പ്രസിഡന്റ് കെ.കെ. സോയ, കാസര്‍ഗോഡ് നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം, കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, വൈസ്പ്രസിഡന്റ് ഉഷ അര്ജുനന്, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തന് അജക്കോട് എന്നിവര്‍ പങ്കെടുത്തു.
നീലേശ്വരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നീലേശ്വരം കെകെഡിസി റീഡിംഗ് റൂം ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് സദസും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
ചടങ്ങിൽ 1950 ജനുവരി 26ന് രാജ്യം റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ട ചരിത്രദിനത്തിന് സാക്ഷികളായിരുന്ന മുതിർന്ന പൗരന്മാരെ ആദരിച്ചു. വാസുദേവ മൂത്ത പിടാരർ, എം. രാധാകൃഷ്ണൻ നായർ, എ. കണ്ണൻ, എ.ഡി.സി. ജനാർദനൻ, ആനിക്കിൽ ജാനകിയമ്മ, അരമന ലക്ഷ്മിയമ്മ, അരമന ജാനകിയമ്മ, അരമന കൃഷ്ണൻ നായർ, പദ്മയമ്മ, കോറോത്ത് ഗോപാലകൃഷ്ണൻ നായർ, കുഞ്ഞപ്പ പിടാരർ, അമ്മാളു അമ്മ, വിജയൻ, എ.വി. നാരായണൻ നായർ, ഒ. രാമചന്ദ്രൻ, രാധമ്മ എന്നിവരെയാണ് ആദരിച്ചത്. അന്നത്തെയും ഇന്നത്തെയും കാലഘട്ടങ്ങൾ തമ്മിലുണ്ടായ മാറ്റങ്ങളും സ്വന്തം ജീവിതാനുഭവങ്ങളും അവർ സദസുമായി പങ്കുവച്ചു.
അഡ്വ. പി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ. ദിനേശ് കുമാർ അധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാലയിൽ നിന്നും മാനേജ്മെന്റ് സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടിയ വി.കെ. സജിനിയെ അനുമോദിച്ചു. ടി. ശശിശരൺ, രാജഗോപാലൻ നായർ എന്നിവർ പ്രസംഗിച്ചു.
ഭീമനടി: റിപ്പബ്ലിക് ദിനത്തിൽ ഭീമനടി ഗ്രാമന്യായാലയത്തിൽ ന്യായാധികാരി സി. അബ്ദുൾ റാസിഖ് പതാക ഉയർത്തി.
വാർഡ് മെംബർ രജനി രാജീവൻ, ന്യായാലയ സെക്രട്ടറി സന്ധ്യാകുമാരി, ചിറ്റാരിക്കാൽ എസ്ഐ ശ്യാംകുമാർ, തോമസ് കാനാട്ട്, ഡാജി ഓടയ്ക്കൽ, അ ഭിഭാഷകരായ ജോസ് സെബാസ്റ്റ്യൻ, സോജൻ കുന്നേൽ, മാത്യു നായ്ക്കംപറമ്പിൽ, സന്തോഷ് പല്ലാട്ട്, പി. വേണു എന്നിവർ പ്രസംഗിച്ചു.
ഭരണഘടന അതിജീവനത്തിന്റയും
തുല്യനീതിയുടെയും പ്രകടനപത്രിക:
മന്ത്രി ശശീന്ദ്രന്
കാസര്‍ഗോഡ്: ബി.ആര്. അംബേദ്കറുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ നമ്മുടെ ഭരണഘടന വെറും ഒരു പുസ്തകമല്ല, മറിച്ച് ദശലക്ഷക്കണക്കിന് വരുന്ന ജനതയുടെ അതിജീവനത്തിന്റെയും തുല്യനീതിയുടെയും പ്രകടന പത്രികയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
ഭരണഘടനയുടെ അടിസ്ഥാന ശിലകളിലൊന്നാണ് ഫെഡറലിസം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാരവിഭജനവും പരസ്പര ബഹുമാനവും ഇതിന്റെ കാതലാണ്. ഇന്ത്യന്‍ ഫെഡറലിസം നമ്മുടെ വൈവിധ്യങ്ങളെ ഒന്നാക്കി നിര്‍ത്തുന്ന രാഷ്ട്രീയ സാമൂഹിക കരാറാണ്. എന്നാൽ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ ഫെഡറല്‍ സംവിധാനം വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളില്‍ കടന്നുകയറാനും അര്‍ഹമായ സാമ്പത്തിക വിഹിതം നിഷേധിക്കാനുമുള്ള ശ്രമങ്ങള്‍ ഫെഡറല്‍ സംവിധാനത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.
NRI
ദോഹ: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി ഇന്ത്യന്‍ ഭരണഘടനയാണെന്നും ഭരണഘടന മൂല്യങ്ങളുടെ ശാക്തീകരണമാണ് റിപ്പബ്ലിക് ദിനം ആവശ്യപ്പെടുന്നതെന്നും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മീഡിയ പ്ലസും അല്‍ സുവൈദ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
എല്ലാവര്ക്കും സമത്വവും അവകാശങ്ങളും ഉറപ്പാക്കുന്ന ഭരണഘടനയാണ് രാജ്യത്തെ ഐക്യത്തോടെ മുന്നോട്ട് നയിക്കുന്നത്. ഗ്രാമപഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഭരണസംവിധാനം ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തമാക്കുന്നു.
ജനാധിപത്യം എന്നത് വോട്ടുചെയ്യുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. അഭിപ്രായസ്വാതന്ത്ര്യം, നിയമത്തിന്റെ മുന്നില്‍ സമത്വം, മാധ്യമസ്വാതന്ത്ര്യം, സാമൂഹിക നീതി എന്നിവയെല്ലാം ചേര്‍ന്നതാണ് യഥാര്‍ഥ ജനാധിപത്യം. ഈ മൂല്യങ്ങള്‍ നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്വം ഓരോ പൗരനുമുണ്ട്.
അതിനാല്‍, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നത് ഒരു വിശേഷണം മാത്രമല്ല, അത് നമ്മള് കാത്തുസൂക്ഷിക്കേണ്ട ഒരു മഹത്തായ പൈതൃകമാണ്. ജനാധിപത്യ മൂല്യങ്ങള്‍ ജീവിതത്തില്‍ നടപ്പിലാക്കി, ഉത്തരവാദിത്വമുള്ള പൗരന്മാരായി മാറുമ്പോഴാണ് ഇന്ത്യയുടെ ജനാധിപത്യം കൂടുതല്‍ ശക്തമാകുന്നത്. ഇക്കാര്യങ്ങളൊക്കെ നമ്മെ ഓര്‍മപ്പെടുത്തുന്ന ദിനമാണ് റിപബ്ലിക് ദിനമെന്ന് പ്രസംഗകര്‍ ഊന്നിപ്പറഞ്ഞു.
Kerala
കോട്ടയം: ഭരണഘടനയെയും മതനിരപേക്ഷതയേയും വെല്ലുവിളിക്കുന്ന നീക്കങ്ങൾക്കെതിരേ ശക്തമായ പ്രതിരോധമുയർത്തണമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ 77-ാം റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ ദേശീയ പതാക ഉയർത്തി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി സല്യൂട്ട് സ്വീകരിച്ചു.
വികസനത്തിന്റെ കാര്യത്തിൽ കേരളം രാജ്യത്തിനു തന്നെ മാതൃകയാണ്. അതിദാരിദ്രം നിർമാർജനം ചെയ്യാൻ കഴിഞ്ഞത് കേരളത്തിൽ മാത്രമാണ്. പിന്നാക്കം നിൽക്കുന്നവരെ മുന്നോട്ടുകൊണ്ടുവരാൻ കേരളം ആവിഷ്കരിക്കുന്ന പ്രവർത്തനങ്ങളുടെ സവിശേഷത നീതി ആയോഗ് ചൂണ്ടിക്കാണിച്ചതാണ്.
രാജ്യത്തു മുഴുവൻ അതിദാരിദ്ര്യം ഇല്ലായ്മ ചെയ്ത് സമത്വസുന്ദര ഇന്ത്യ എന്ന ലക്ഷ്യത്തിനുവേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ഈ റിപബ്ലിക് ദിനത്തിൽ പ്രതിജ്ഞ എടുക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, എഡിഎം എസ്. ശ്രീജിത്ത്, ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, നഗരസഭാംഗം ജോഫി മരിയ ജോൺ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
NRI
മനാമ: പ്രവാസി വെൽഫെയർ ബഹ്റിൻ ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷം ചൊവ്വാഴ്ച രാത്രി 7.30ന് സിഞ്ചിലെ പ്രവാസി സെന്ററിൽ സംഘടിപ്പിക്കുന്നു.
പ്രവാസി വെൽഫെയർ ആക്ടിംഗ് പ്രസിഡന്റ് ഷാഹുൽ ഹമീദ് വെന്നിയൂർ ഉദ്ഘാടനം ചെയ്യുന്ന പ്രവാസി വെൽഫെയർ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇർഷാദ് കോട്ടയം റിപ്പബ്ലിക് ദിന പ്രഭാഷണം നടത്തും.
തുടർന്ന് ദേശീയ ഐക്യത്തെയും സാഹോദര്യത്തേയും ഉയർത്തിപ്പിടിക്കുന്ന സാംസ്കാരിക അവതരണങ്ങളും കലാ ആവിഷ്കാരണങ്ങളും അരങ്ങേറുമെന്ന് പ്രവാസി വെൽഫെയർ കലാ സാംസ്കാരിക വിഭാഗം സെക്രട്ടറി സബീന അബ്ദുൽ ഖാദിർ അറിയിച്ചു.
NRI
വാഷിംഗ്ടൺ ഡിസി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനത്തിന് ആശംസകള്‍ നേർന്ന് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേൻ പ്രസിഡന്റ് എബി തോമസും സെക്രട്ടറി ജോ ചെറുകരയും.
ഇന്ത്യയുടെ ബഹുസ്വരത ആഘോഷിക്കുന്ന വേളയാണ് റിപ്പബ്ലിക് ദിനമെന്നും സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും മൂല്യവത്തായി ഉദ്ഘോഷിക്കേണ്ട സുവര്‍ണ ദിനമാണിതെന്നും ഇരുവരും അറിയിച്ചു.
തുല്യനീതിയിലേക്ക് വെളിച്ചം പ്രസരിപ്പിക്കുന്നതാണ് ഇന്ത്യൻ ഭരണഘടന. അതുയര്‍ത്തിപ്പിടിക്കുന്ന ചൈതന്യം കെടാതെ കാക്കാന്‍ ഓരോ ഇന്ത്യക്കാരും പ്രതിജ്ഞാബദ്ധരാണെന്നും ഭാരവാഹികൾ അറിയിച്ചു.
National
ന്യൂഡല്‍ഹി: രാജ്യം 77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ. ഡൽഹിയിലെ കര്‍ത്തവ്യപഥില്‍ ഇന്നു രാവിലെ നടക്കുന്ന പരേഡ് രാജ്യത്തിന്റെ വിവിധ മേഖലകളിലെ ശക്തി വിളിച്ചോതുന്നതായിരിക്കും.
റിപ്പബ്ലിക് ദിനം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനം. ജമ്മുകാഷ്മീരിൽ തുടരുന്ന ഏറ്റുമുട്ടലുകളുടെയും കഴിഞ്ഞദിവസം പഞ്ചാബിൽ ട്രെയിൻ കടന്നുപോകവേ റെയിൽവേ ട്രാക്കിലുണ്ടായ സ്ഫോടനത്തിന്റെയുമൊക്കെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
സൈനികശക്തി വിളിച്ചോതുന്ന പരേഡിൽ ഇതാദ്യമായി കരസേനയുടെ ആനിമൽ കോണ്ടിജെന്റ് പങ്കെടുക്കും. റിമൗണ്ട് ആൻഡ് വെറ്ററിനറി കോർപ്സിലെ ക്യാപ്റ്റൻ ഹർഷിത രാഘവ് നേതൃത്വം നൽകുന്ന പരേഡിൽ കോണ്ടിജെന്റിലെ പരുന്തുകളും വിവിധ മൃഗങ്ങളും അണിനിരക്കും.
പരേഡില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രതിരോധ ആയുധങ്ങളില്‍ ബ്രഹ്മോസ്, ആകാശ് മിസൈല്‍ സംവിധാനം, മീഡിയം റേഞ്ച് സര്‍ഫേസ് ടു എയര്‍ മിസൈല്‍ സംവിധാനം, അഡ്വാന്‍സ്ഡ് ടോവ്ഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം , ധനുഷ് പീരങ്കി തോക്ക്, ശക്തിബാന്‍, ചില ഡ്രോണുകളുടെ സ്റ്റാറ്റിക് ഡിസ്പ്ലേ എന്നിവ ഉള്‍പ്പെടും. ഏകദേശം 90 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പരേഡില്‍ 18 മാര്‍ച്ചിംഗ് സംഘങ്ങളും 13 ബാന്‍ഡുകളും പങ്കെടുക്കുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യന്‍ യൂണിയന് കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെയര്‍ ലെയനുമാണ് റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥികൾ.
ഉര്‍സുല വോണ്‍ ഡെയര്‍ ലെയന് ശനിയാഴ്ച ഡല്‍ഹിയിലെത്തിയിരുന്നു. അന്റോണിയോ കോസ്റ്റ ഇന്നലെ ഉച്ചകഴിഞ്ഞ് എത്തി. ഇരുനേതാക്കളും നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
കൂടിക്കാഴ്ചയിൽ ഇന്ത്യ-യൂറോപ്യന്‍ യൂണിയന് സ്വതന്ത്ര വ്യാപാര കരാര്‍ അംഗീകരിക്കും. ’എല്ലാ വ്യാപാര ഇടപാടുകളുടെയും മാതാവ്’ (മദർ ഓഫ് ഓൾ ഡീൽസ്) എന്നു വിശേഷിപ്പിക്കപ്പെട്ട ഈ കരാർപ്രകാരം യൂറോപ്പിൽനിന്നുള്ള കാറുകൾക്കും വൈനിനും ഇന്ത്യ കുറഞ്ഞ തീരുവകൾ നൽകും.
പകരമായി ഇന്ത്യയിൽനിന്നുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ടെക്സ്റ്റൈലുകൾക്കും രാസവസ്തു മേഖലകൾക്കും യൂറോപ്പ് വലിയ വിപണി തുറന്നുകൊടുക്കും.
ജീവൻരക്ഷാ പുരസ്കാരങ്ങൾ ഏഴു മലയാളികൾക്ക്
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി പ്രഖ്യാപിച്ച ജീവൻരക്ഷാ പുരസ്കാരങ്ങൾ ഏഴു മലയാളികൾ ഉൾപ്പെടെ 30 പേർക്ക് ലഭിച്ചു. സി. മുഹമ്മദ് ഷാമിൽ ഉത്തം ജീവൻരക്ഷാ പതക്കിനും ടി.ജെ. ജയേഷ്, മാസ്റ്റർ കെ.പി ആകാശ്, മാസ്റ്റർ ഹർഷിക് മോഹൻ, മാസ്റ്റർ സി. ഋതുനാഥ്, മാസ്റ്റർ കെ. വൈശാഖ്, മാസ്റ്റർ സി. യദുനന്ദ് എന്നിവർ ജീവൻരക്ഷാ പതക്കിനും അർഹരായി. ലക്ഷദ്വീപ് സ്വദേശി പി.എൻ. മുഹമ്മദ് ബാദുഷയും ജീവൻരക്ഷാ പതക് പുരസ്കാരത്തിനും അർഹനായി.
Kerala
തിരുവനന്തപുരം: നമ്മുടെ രാജ്യം ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി മാറിയതിന്റെ ഉജ്ജ്വല സ്മരണകൾ പുതുക്കുന്ന ഈ റിപ്പബ്ലിക് ദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നമ്മുടെ ഭരണഘടനയുടെ അന്തസത്തയും ജനാധിപത്യ മൂല്യങ്ങളും മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികൾ നേരിടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയും ഫെഡറൽ തത്വങ്ങളും തകർക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
നമ്മുടെ ഭരണഘടന വെറുമൊരു നിയമഗ്രന്ഥമല്ല, മറിച്ച് വൈവിധ്യങ്ങളെ ആഘോഷിക്കുന്ന, തുല്യനീതി ഉറപ്പാക്കുന്ന ഇന്ത്യ എന്ന ആശയത്തിന്റെ ആത്മാവാണ്. നാനാത്വത്തിൽ ഏകത്വം എന്ന കാഴ്ചപ്പാട് അട്ടിമറിക്കാനും ഏകശിലാത്മകമായ ഒരു വിചാരധാര അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്ന ശക്തികൾക്കെതിരെയുള്ള ജാഗ്രതയാണ് ഈ ദിനം നമ്മോട് ആവശ്യപ്പെടുന്നത്.
ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന ഫെഡറൽ സങ്കല്പം ഇന്ന് വലിയ വെല്ലുവിളിയിലാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരങ്ങൾ കവർന്നെടുത്തും ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയ ആയുധങ്ങളാക്കിയും ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന നയങ്ങൾക്കെതിരെ നാം ഒന്നിച്ച് നിൽക്കേണ്ടതുണ്ട്. അധികാര വികേന്ദ്രീകരണത്തിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും കേരളം ഉയർത്തിപ്പിടിക്കുന്ന ബദൽ മാതൃകകൾ ഈ പോരാട്ടത്തിന് കരുത്തുപകരുന്നു.
മതനിരപേക്ഷതയും ജനാധിപത്യവും ഉയർത്തിപ്പിടിച്ച്, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന ഉറച്ച പ്രതിജ്ഞ നമുക്ക് ഈ ദിനത്തിൽ പുതുക്കാം. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ സ്നേഹവും സാഹോദര്യവും കൊണ്ട് പ്രതിരോധിക്കാൻ നമുക്ക് സാധിക്കണം. ഇന്ത്യയെ സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ നമുക്ക് ഒരുമിച്ച് മുന്നേറാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ ട്രെയിൻ അട്ടിമറിക്ക് സാധ്യതയെന്ന റിപ്പോർട്ടിനെ തുടർന്ന് ആർപിഎഫ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കി.
റെയിൽവേ ട്രാക്കുകൾക്ക് സമീപം നിർമാണ സാമഗ്രികളോ മറ്റ് വസ്തുക്കളോ അശ്രദ്ധമായി ഇടുന്നത് ഒഴിവാക്കണം. റെയിൽ പാളങ്ങളിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകി.
മുന്നറിയിപ്പിനെ തുടർന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും നിരീക്ഷണം ശക്തമാക്കി. അനിഷ്ട സംഭവങ്ങൾ തടയുന്നതിനുള്ള എല്ലാ മുൻകരുതലും സ്വീകരിച്ചെന്ന് ആർപിഎഫ് വ്യക്തമാക്കി.
National
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിനുള്ള എല്ലാ ഒരുക്കങ്ങളും രാജ്യതലസ്ഥാനത്ത് പൂർത്തിയായി. തിങ്കളാഴ്ച്ച രാവിലെയാണ് പ്രൗഢഗംഭീരമായ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക. ആഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യും.
പത്മാപുരസ്കാരങ്ങളും സൈനിക പോലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. ആഘോഷങ്ങളിൽ പങ്കെടുക്കാൻ യൂറോപ്യന്‍ യൂണിയന് കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെയര്‍ ലെയന് ഇന്നലെ ഡല്‍ഹിയിലെത്തിയിരുന്നു. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ ഇന്ന് എത്തും.
നാളെ റിപ്പബ്ലിക് ദിന പരേഡില്‍ ഇരുവരും മുഖ്യാതിഥികളായി പങ്കെടുക്കും. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പഴുതടച്ച സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്.
Kerala
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള പോലീസിന് മെഡലിന് ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനും കോഴിക്കോട് സ്വദേശിയുമായ എസ്ഐ ആർ.എസ്. ഷിബു അർഹനായി.
കേരള പോലീസിൽ നിന്ന് എസ്പി ഷാനവാസ് അബ്ദുൾ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. കേരള ഫയർ സർവീസിൽ നിന്ന് എം. രാജേന്ദ്രനാഥിന് വിശിഷ്ട സേവനത്തിനുള്ള മെഡലും ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തിൽ നിന്നുള്ള പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ മെഡലിന് അർഹരായി.
കേരള ഫയര്‍ഫോഴ്സിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ജയിൽ വകുപ്പിലെ നാലു ഉദ്യോഗസ്ഥര്‍ക്കും സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡൽ ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടർമാരായ ഐ.ബി. റാണി, കെ.വി. ശ്രീജേഷ് എന്നിവർക്ക് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തു റിപ്പബ്ലിക് ദിന ആഘോഷങ്ങളിലെ സുരക്ഷ വർധിപ്പിക്കാൻ നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ സ്മാർട്ട് ഗ്ലാസുകൾ ആദ്യമായി വിന്യസിക്കാൻ ഡൽഹി പോലീസ്.
കണ്ണിൽ വച്ചുകഴിഞ്ഞാൽ സംശയാസ്പദമായ ആളുകളെ ആൾക്കൂട്ടത്തിനിടയിൽനിന്നു കണ്ടെത്താൻ കഴിയുന്നതാണ് സ്മാർട്ട് ഗ്ലാസുകൾ. മുഖം തിരിച്ചറിയുന്ന ഒരു സോഫ്റ്റ്വേറും തെർമൽ ഇമേജിംഗ് സാങ്കേതികവിദ്യയും വഴിയാണ് സ്ഥിരം കുറ്റവാളികളായ ആളുകളെ ആൾക്കൂട്ടത്തിനിടയിൽനിന്നു കണ്ടെത്താൻ സ്മാർട്ട് ഗ്ലാസുകൾ പോലീസിനെ സഹായിക്കുന്നത്.
ഒരു ഇന്ത്യൻ കന്പനി രൂപകല്പന ചെയ്ത ഈ ഗ്ലാസുകൾ പ്രഖ്യാപിത കുറ്റവാളികളുടെയും സംശയാസ്പദമായ കുറ്റവാളികളുടെയും രേഖകളടങ്ങുന്ന പോലീസിന്റെ ഡാറ്റാബേസുമായി ബന്ധിപ്പിക്കപ്പെട്ടവയാണ്.
ഫീൽഡിൽ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളുമായി കണ്ണടകളെ ബന്ധിപ്പിച്ചിട്ടുണ്ട്. ഒരാളെ സ്കാൻ ചെയ്യുന്പോൾ അവരുടെ മുഖം പോലീസ് ഡാറ്റാബേസുമായി താരതമ്യം ചെയ്താണ് ഉപകരണം കുറ്റവാളികളെ കണ്ടെത്തുക.
ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളുടെ മുഖവുമായുള്ള പൊരുത്തം 60 ശതമാനത്തിനു മുകളിലാണെങ്കിൽ സിസ്റ്റം ചുവപ്പ് സിഗ്നലിലൂടെ പോലീസിന് മുന്നറിയിപ്പ് നൽകും. ക്രിമിനൽ പശ്ചാത്തലമില്ലാത്ത ആളാണെങ്കിൽ പച്ച നിറത്തിലായിരിക്കും സിഗ്നൽ.
Business
കോട്ടയം: റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട് 72 മണിക്കൂര്‍ റിപ്പബ്ലിക് ഡേ സെയില്‍ ഇന്നുമുതല്‍ 26 വരെ നടത്തും.
മെഗാ സെയിലിലൂടെ പുതിയ ഡിജിറ്റല്‍ ഗാഡ്ജറ്റുകളും ഹോം അപ്ലയന്‍സുകളും വന്‍ വിലക്കുറവില്‍ ഉപയോക്താക്കള്‍ക്കു സ്വന്തമാക്കാം. സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്, എല്‍ഇഡി ടിവികള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഓഫറുകളും ആകര്‍ഷകമായ സമ്മാനങ്ങളുമാണ് മൂന്നു ദിവസങ്ങളില്‍ ഓക്സിജന്‍ ഒരുക്കിയിരിക്കുന്നത്.
പുതിയ മോഡലുകളായ വിവോ x300, റിയല്‍മി 16 പ്രോ, റെഡ്മി നോട്ട് 15, ഓപ്പോ റെനോ 15 സീരീസ് മുതല്‍ ഐഫോണ്‍ 17 സീരീസ് വരെയുള്ള സ്മാര്‍ട്ട്ഫോണുകള്‍ക്ക് റിപ്പബ്ലിക് ഓഫറുകള്‍ ലഭ്യമാണ്. സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവര്‍ക്കായി 24 മാസത്തെ പലിശരഹിത വായ്പാസൗകര്യവും ഒരുക്കിയിട്ടുണ്ട്. ലാപ്ടോപ്പ് വിപണിയിലും വന്‍ മാറ്റങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
ആപ്പിള്‍, ലെനോവോ, എച്ച്പി, അസൂസ്, ഏസര്‍, ഡെല്‍ തുടങ്ങിയ ബ്രാന്‍ഡഡ് ലാപ്ടോപ്പുകളുടെ വന്‍ ശേഖരം ഓക്സിജനിലുണ്ട്. ലാപ്ടോപ്പ് പര്‍ച്ചേസുകള്‍ക്കൊപ്പവും 4,400 രൂപ വിലയുള്ള പ്രീമിയം കിറ്റ് സമ്മാനമായി ലഭിക്കും. പ്രതിദിനം 118 രൂപ മുതലുള്ള ഇഎംഐ സൗകര്യവും തെരഞ്ഞെടുത്ത ബ്രാന്‍ഡുകള്‍ക്ക് രണ്ടു വര്‍ഷത്തെ അധിക വാറന്റിയും സൗജന്യ ആക്സിഡന്റല്‍ ഡാമേജ് പ്രൊട്ടക്ഷന്‍ കവറേജും ലഭ്യമാണ്.
ഹോം അപ്ലയന്‍സസ് വിഭാഗത്തിലും ഓഫറുകളുണ്ട്. എല്‍ഇഡി ടിവി പര്‍ച്ചേസുകള്‍ക്കൊപ്പം ഒരു ഇഎംഐ കാഷ്ബാക്കായി ലഭിക്കും. കൂടാതെ സ്ക്രാച്ച് ആന്‍ഡ് വിന് ഓഫറിലൂടെ 9,990 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടും നേടാം. എയര്‍ കണ്ടീഷണറുകള്‍ക്ക് 6,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും സൗജന്യ ഇന്‍സ്റ്റലേഷനും നല്‍കും. വാഷിംഗ് മെഷീന്, റഫ്രിജറേറ്റര്‍, കിച്ചണ്‍ അപ്ലയന്‍സസ് എന്നിവയ്ക്ക് കുറഞ്ഞ വിലയും കോംബോ ഓഫറുകളുമുണ്ട്.
ഗാഡ്ജറ്റുകള്‍ക്കും മൊബൈല്‍ ആക്സസറീസിനും പുറമെ പ്രിന്ററുകള്‍ക്കും വിലക്കുറവുണ്ട്. ബോട്ട് എയര്ഡോപ്സുകളും ബോട്ട് നെക്ക് ബാന്‍ഡും 699 രൂപയ്ക്കും, ബോട്ട് പാര്‍ട്ടി പാല് 450 ,സ്പീക്കറുകള്‍ 12,999 രൂപയ്ക്കും ലഭിക്കും. ബെല്‍കിന്‍ അഡാപ്റ്ററുകള്‍ 1,490 രൂപയ്ക്കും ലഭ്യമാണ്. 13,490 രൂപ മുതല്‍ക്ക് ബ്രാന്‍ഡഡ് പ്രിന്ററുകള്‍ ഉപയോക്താക്കള്‍ക്കു വാങ്ങാം.
ഇന്‍വെര്‍ട്ടറുകള്‍ക്കും ബാറ്ററികള്‍ക്കും ആകര്‍ഷകമായ ആനുകൂല്യങ്ങളുണ്ട്. വി-ഗാര്‍ഡ് സ്മാര്‍ട്ട് ഇന്വെര്ട്ടറുകള്ക്കൊപ്പം സൗജന്യ ഇന്‍സ്റ്റലേഷനും ഏതൊരു ഇന്‍വെര്‍ട്ടര്‍-ബാറ്ററി കോംബോ പര്‍ച്ചേസിനുമൊപ്പം സൗജന്യ ഇന്‍വെര്‍ട്ടര്‍ ട്രോളിയും ലഭിക്കും. 3,000 രൂപ വരെ ഉറപ്പായ എക്സ്ചേഞ്ച് ബോണസുമുണ്ട്.
കോംബോ ഓഫറുകള്‍, മികച്ച എക്സ്ചേഞ്ച് മൂല്യം, ഇഎംഐ സ്കീമുകള്‍ എന്നിവ സമന്വയിപ്പിച്ച് ഡിജിറ്റല്‍ ഷോപ്പിംഗ് അനുഭവം ലാഭകരമാക്കുകയാണ് 72 മണിക്കൂര്‍ സെയിലിലൂടെ ഓക്സിജന്‍ ലക്ഷ്യമിടുന്നത്. ഇന്നുമുതല്‍ 26 വരെ കേരളത്തിലുടനീളമുള്ള ഓക്സിജന്‍ ഡിജിറ്റല്‍ ഷോറൂമുകളില്‍ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണ്.
Business
കൊച്ചി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി വണ്ടർലാ പാർക്കിൽ ഓഫറുകൾ. ഇന്നുമുതൽ 26 വരെ നീണ്ടുനിൽക്കുന്ന ഓഫറിൽ പാർക്ക് ടിക്കറ്റുകൾ, ബഫേ കോംബോകൾ എന്നിവയ്ക്ക് എക്സ്ക്ലൂസീവ് ഓൺലൈൻ റിപ്പബ്ലിക് ഡേ വീക്കെൻഡ് പാസുകളാണ് വണ്ടർലാ അവതരിപ്പിക്കുന്നത്.
സന്ദർശകർക്ക് പാർക്ക് ടിക്കറ്റുകളിൽ 25 ശതമാനം വരെയും ബഫേ കോംബോകളിൽ 30 ശതമാനം വരെയും ഇളവുണ്ടാകും. കുറഞ്ഞ നിരക്കിൽ എല്ലാ റൈഡുകളിലും പ്രവേശനം സാധ്യമാണെന്ന് അധികൃതർ അറിയിച്ചു.
National
ശ്രീനഗർ: റിപ്പബ്ലിക് ദിനാഘോഷത്തിനു മുന്നോടിയായി കാഷ്മീർ താഴ്വരയിൽ സുരക്ഷ ശക്തമാക്കി. ശ്രീനഗറിലും താഴ്വരയിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ പട്രോളിംഗ് വാഹനങ്ങൾ നിരീക്ഷണം നടത്തുന്നുണ്ട്.
കാഷ്മീരിലെ പ്രധാന റിപ്പബ്ലിക് ദിന ചടങ്ങ് നടക്കുന്ന ബക്ഷി സ്റ്റേഡിയത്തിനു സമീപം വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശ്രീനഗറിലും നഗരത്തിന്റെ പ്രവേശന കവാടങ്ങളിലും ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുകയും പോലീസിനെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചതായും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.
ചാവേർ ആക്രമണം, സ്ഫോടനം എന്നിവ തടയുന്നതിനായി സ്നിഫർ നായ്ക്കളും മെറ്റൽ ഡിറ്റക്ടറുകളും ഉൾപ്പെടെയുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ഭീകരാക്രമണത്തിന് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്ത് അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ഖാലിസ്ഥാൻ അനുകൂല സംഘടനകളും ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരവാദ ഗ്രൂപ്പുകളും ആക്രമണത്തിന് പദ്ധതിയിടുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് നടപടി.
ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ ഈ ഗ്രൂപ്പുകൾ ശക്തമാണെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. ജനത്തിരക്കേറിയ സ്ഥലങ്ങളിലും തന്ത്രപ്രധാന മേഖലകളിലും കർശന സുരക്ഷയൊരുക്കാനും നിരീക്ഷണം ശക്തമാക്കാനും സുരക്ഷാ ഏജൻസികൾക്ക് സർക്കാർ നിർദ്ദേശം നൽകി.
അതേസമയം റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയാകുകയാണ്. രാജ്യതലസ്ഥാനത്ത് ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.
District News
കോഴിക്കോട്: ജില്ലയില്‍ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കാന്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുന്നൊരുക്ക യോഗത്തില്‍ തീരുമാനം.
ജനുവരി 26ന് രാവിലെ ഒമ്പതിന് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ നടക്കുന്ന പരേഡില്‍ പോലീസ്, എക്സൈസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന, എന്‍സിസി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്കൗട്ട്, ഗൈഡ്സ്, സ്കൂള്‍ ബാന്‍ഡ് അടക്കമുള്ള പ്ലാറ്റൂണുകള്‍ അണിനിരക്കും.
പരേഡിന് മുന്നോടിയായി 22, 23 തിയതികളിൽ റിഹേഴ്സല്‍ പരേഡ് നടത്തും. 24ന് അന്തിമ ഡ്രസ് റിഹേഴ്സല്‍ നടക്കും.ആഘോഷത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
റിപ്പബ്ലിക് ദിനാഘോഷം, പരേഡ് തുടങ്ങിയവയുടെ പ്രാഥമിക ഒരുക്കങ്ങള്‍ക്ക് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.യോഗത്തില്‍ എഡിഎം സി. മുഹമ്മദ് റഫീഖ്, കണ്ട്രോള് റൂം എസിപി ദിനേഷ് കോറോത്ത്, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.